Tuesday, August 15, 2017

ബിസ്ക്കറ്റ്ന്റെ മണമുള്ള പാട്ടുകൾ 

സംഗീതത്തിന് ഒരു ഗുണമുണ്ട്. നാം അത് ഏറ്റവും ആസ്വദിച്ച കാലഘട്ടത്തിലേക്ക് നമ്മളെ കൂട്ടികൊണ്ടു പോകാനും കഴിയും. ഒട്ടുമിക്ക മഹാന്മാർക്കും  കയ്‌പേറിയ ഒരു ഭൂതകാലം ഉണ്ടായിരുന്നേക്കാം. അത് കൊണ്ടാകാം "ടു  എ സ്കൈലാർക്" എന്ന കവിതയിൽ ഷെല്ലി പറഞ്ഞത് നമ്മുടെ ഏറ്റവും മധുരമായ ഗാനങ്ങൾ ദുഖ ചിന്തകൾ പറയുന്നവയാണ് എന്ന്. ഉറക്കം വരാനും ഗൃഹാതുരത്വം തോന്നാനും വിശക്കാനും കള്ളു  കുടിക്കാനും പ്രാണിയാക്കാനും ഒക്കെ പറ്റുന്ന ഒന്നാണല്ലോ സംഗീതം.


രണ്ടിലോ മൂന്നിലോ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു ട്യൂഷൻ കഴിഞ്ഞു രാത്രി അച്ഛന്റെ ഒപ്പം ആണ് വീട്ടിൽ പോകുന്നത്. ടാഗോർ തിയേറ്ററിൽ സെക്കൻഡ് ഷോക്ക് പ്ലേറ്റ് വെച്ചിരുന്നു. ദാസേട്ടനും എം ജി അണ്ണനും ചിത്ര ചേച്ചിയും ഓക്കേ തകർത്തു പാടുമ്പോൾ അച്ഛന്റെ നീട്ടിയുള്ള ആ വിളി വന്നു. അതിനു മുന്നേ അച്ഛന്റെ സൈക്കിൾ ആ വരവ് അറിയിച്ചിരുന്നതു കൊണ്ട് ഞാൻ പുറത്തു കാത്തു നില്പുണ്ടായിരുന്നു സൈക്കിളിൻറെ മുന്നിൽ ഇരുന്നു കൊണ്ട് അന്നു കേട്ട പാട്ടുകൾ ആണ് ഇതുവരെ ഏറ്റവും മധുരം ഉള്ളതായി തോന്നിയതു . പോകുന്ന വഴിക്കു വളരെ കുറിച്ച് വഴി യാത്രക്കാരെ ഉണ്ടാകുള്ളൂ. രാത്രി കള്ളു ചെത്താൻ പോകുന്നവർ, സിനിമ കഴിഞ്ഞു  പോകുന്ന ഏതാനും യുവാക്കൾ തുടങ്ങിയവർ. മിക്ക വീടുകളും ഉറക്കത്തിലേക്ക് കടന്നിരിക്കും. അച്ഛന്റെ  പഴയ തുരുമ്പിച്ച  സൈക്കിൾ  ചിലരെ എങ്കിലും ഉറക്കത്തിൽ മുട്ടി വിളിച്ചിരുന്നേക്കാം. വഴി അരികിലെ ചുവരുകളിൽ നിന്ന് ഐ എം എഫ് , ഡി വൈ എഫ് ഐ തുടങ്ങിയ ചില പുതിയ പദങ്ങളുടെ അർഥങ്ങൾ ഞാൻ അച്ഛനോട് ചോദിച്ചു മനസിലാക്കികൊണ്ടിരുന്നു .വളരെ പതുക്കെ ആണ്  സൈക്കിൾ നീങ്ങുക. ആ താളത്തിൽ ഞാനും ഉറക്കെ പാടും.  മുഴുവൻ നേരം ബേക്കറിയിൽ ആയതു കൊണ്ടാവണം അച്ഛന്റെ വിയർപ്പിന് ബിസ്‌ക്കറ്റിന്റെ മണം ആയിരുന്നു .ചില ദിവസങ്ങളിൽ മഴയെ ഞങ്ങൾ തോല്പിച്ചപ്പോൾ മറ്റു ചില ദിവസങ്ങളിൽ ഞങൾ ദയനീയമായ തോൽവി ഏറ്റു വാങ്ങിയിരുന്നു. വീടെത്തിയപ്പോളേക്കും ടാഗോറിൽ സെക്കൻഡ് ഷോ തുടങ്ങിയിരുന്നതിനാൽ പാട്ടു നിന്നിരുന്നു. ഉള്ളിൽ ആമോദ തിരകൾ ഉയരുമ്പോൾ മൗനം പാടുന്നു....

രാത്രി ഏകദേശം എട്ടു മണി ആയപ്പോൾ പുറത്തു ചൂട് 40-45  ഡിഗ്രി വരും. കൊഴുപ്പു കുറക്കുന്നുള്ള ഓട്ടത്തിലാണ് ഞാൻ. ഹെഡ് സെറ്റിൽ പാട്ടു കേട്ട് കൊണ്ട് റോഡിനു ഒരു വശം ചേർന്ന് ഓടുകയാണ് അതി കഠിനമാണ് ചൂട് ആകെ വിയർത്തു മുങ്ങിയിരുന്നു. ഇടക്കിടക്കു അടുത്തുള്ള മജിലിസിലേക്കു ആഡബര കാറുകൾ പാഞ്ഞു വരുമ്പോൾ വഴിമാറി കൊടുത്തുകൊണ്ടിരുന്നു.തൊണ്ണൂറുകളിൽ ഉണ്ടായ ഗൾഫ് യുദ്ധത്തിൽ കുറെ അധികം മലയാളി കുടുംബങ്ങൾ കേരളത്തിലേക്ക് മടങ്ങി വന്നിരുന്നു. ആ ഇടക്കാണ് ഒരു പുതിയ ഇംഗ്ലീഷ് ടീച്ചറെയും കുറച്ചു പുതിയ കൂട്ടുകാരെയും അങ്ങനെ എനിക്ക് സ്കൂളിൽ കിട്ടിയത്. ഒരിക്കൽ സത്യജിത് റേ യുടെ "കോർവസ്" എന്ന ചെറുകഥ പഠിപ്പിക്കുന്നതിനിടയിൽ കോർവസ് എന്ന പക്ഷിയെ ഒരു സിൽവർ കാഡിലാക്കിൽ കടത്തിക്കൊണ്ടു കൊണ്ട് പോകുന്ന ഭാഗം ടീച്ചർ വായിച്ചു . എന്താണ് കാഡിലാക് എന്ന് മറ്റു കുട്ടികൾക്ക് മനസിലാകാൻ സാധ്യത കുറവായതു കൊണ്ടാകണം ആ എക്സ് ഗൾഫ് ടീച്ചർ ചോദ്യം എന്റെ എക്സ് ഗൾഫ് സുഹൃത്തിനോട് ചോദിച്ചത്.അതും കഴിഞ്ഞു 15  വർഷങ്ങൾ എടുത്തു ഒരു കാഡിലാക്ക് നേരിട്ട് കാണാൻ. ഷേക്കിന്റെ മസെരാട്ടിക്കു  വഴിമാറി കൊടുക്കുമ്പോൾ എന്റെ ചെവിയിൽ ബോബ് കാറ്റ്ലെ പാടുന്നുണ്ടായിരുന്നു A lonely boy, a handful of dreams...
ഖസാക്കില്ലേ ചിതലിയെ മനോഹരമാക്കിയ ഷേക്ക് തമ്പുരാന്റെ മിനാരങ്ങൾ പോലെ പള്ളി മിനാരങ്ങൾ നിലാവിൽ തിളങ്ങി നിൽപ്പുണ്ട്.
വഴിയരികിൽ ഈത്ത പനകൾ കുലച്ചു നിൽക്കുന്നു ചിലതു പഴുത്തു തുടങ്ങിയിരിക്കുന്നു. ഈത്തപ്പഴം പഴുക്കാൻ ആണത്രേ മരുഭൂമിയിൽ ഈ ചൂട്. മതപ്രഭാഷണങ്ങൾ കേൾക്കാറുള്ള ഒരു സുഹൃത്തു പറയാറുള്ളതുപോലെ ഇതൊക്കെ ഒരു ചൂടാണോ നരകത്തിലെ ചൂടല്ലേ ചൂട്. അതെ എന്തിനും എന്നെ അൽപ്പം ഓടിക്കുന്ന എന്റെ തമ്പുരാനേ നിന്റെ കല്പന നിറവേറട്ടെ. അവിടത്തേക്കു പ്രണാമം. ഓട്ടത്തിനടിയിൽ പാട്ടുകൾ മാറി മാറി വന്നിരുന്നു ക്യാറ്റി  പെറിയും നിക്കി മിനാഷും പകർന്ന സംഗീതമഴയിൽ പെട്ടന്ന് അതാ ആ പാട്ടുകൾ കയറി വന്നിരിക്കുന്നു ചൂടുകാറ്റത്തു നെറ്റിയിൽ നിന്നു ഉതിർന്ന വിയർപ്പുതുള്ളികൾ ഞാൻ തുടച്ചു മാറ്റി . മൂക്കിലേക്ക് അടിച്ചു കയറിവന്ന കാറ്റിൽ എവിടെയോ ബിസ്‌ക്കറ്റിന്റെ മണം.

No comments:

 

Designed by Simply Fabulous Blogger Templates