Tuesday, November 3, 2020

നവ ഭാവങ്ങൾ

 ഇന്ന് നവരാത്രീ .ദേവിയുടെ നവ ഭാവങ്ങളെ കുറിച്ച് ഭക്തർ വാഴ്ത്തുന്ന ഈ വേളയിൽ സ്ത്രീ സ്വാതന്ത്ര്യത്തെയും അടിചമർത്തലുകളേയും കുറിച്ച് അല്പം ചിന്തകൾ ..

ഒരിക്കൽ സ്ത്രീകൾക്കായിരുന്നത്രെ മേൽക്കോയ്മ. അവരുടെ മേൽ, പതിയെ പതിയെ പുരുഷാധിപത്യം വന്നു കൂടി അടിച്ചമർത്തപെട്ടു എന്ന് ചരിത്രം. തിരുവിതാകൂറിൻറ്റെയും മറ്റും ചരിത്രത്തെ ആസ്പദമാക്കി മനു എസ് പിള്ളയെ പോലെയുള്ള യുവ എഴുത്തുകാർ വരെ ഇങ്ങനെ സമർത്ഥിക്കുന്നു 

മലയാളസിനിമയിലെ ഒരു പ്രശസ്ത  നടി ഒരിക്കൽ പറയുകയുണ്ടായി ഒരു പെൺകുട്ടി ആയതിനാൽ എന്നും മീനിൻറ്റെ നടു കഷ്ണം തനിക്കു അന്യമായിരുന്നു എന്ന്. അതെ... നടു പോയിട്ട് വാൽ കഷ്ണം പോലും ഉണ്ടായിരുന്നില്ല. എന്നും തല ആയിരുന്നു.  വറുത്ത കഷ്ണം ആണേൽ അതുപോലും ചിലപ്പോൾ കാണില്ല.പറയുന്നത് വാള തലയുടെ കാര്യം അല്ല. പാവപ്പെട്ടവന്റെ മത്തിയും അയലയുടെയും  ഒക്കെ കാര്യം ആണ്. 

നൂറു ശതമാനം സാക്ഷരത ഉണ്ട്. അതുകൊണ്ടെന്താ ബസിന്റെ ബോർഡ് വായിക്കാം.പക്ഷേ എവിടെ എങ്കിലും പോകണേൽ ഒരു തുണ വേണം. ഭർത്താവിനും മക്കൾക്കും ഉഴിഞ്ഞു വെച്ചതാകണം ജീവിത യാത്ര. അതെ പാത്രത്തിൽ ഉണ്ട് എച്ചിലു വാരി കഴിയണം.

ഭർത്താവു എന്ന് പറയുമ്പോൾ കുറഞ്ഞ പക്ഷം താരകാസുരൻ്റെ ഗൗരവം വേണം. കോപിഷ്ടനാകുബോൾ നാല് പാടും കുലുങ്ങണം. ഭർത്താവു ഊണ് കഴിക്കുമ്പോൾ എന്നും ഉള്ളിൽ ഒരു ആദി ആണ്. സെയിൽസ് മീറ്റിംഗിന് മാനേജർ റൂമിലേക്ക് വിളിക്കുന്ന ഒരു കോർപോറേറ്റ് ജീവനക്കാരന്റ്റെ ആദിയെക്കാൾ വലുതാണ് അത്.ചോറിൽ കല്ലുകടിച്ചാൽ ഊണ് കഴിക്കുന്ന പാത്രം ഒരു സുദർശന ചക്രം പോലെ തന്നെ ലക്ഷ്യ മായിട്ടു വരും എന്ന് അറിയാവുന്നത്കൊണ്ടാണ് ഇത്. അവിടെ തുപ്പി കൂട്ടി വെക്കുന്നത് വാരുന്ന ജോലി വേറെയും. 

അപ്പുറത്തെ വീടുകളിൽ ഇത്രെയും വരുമാനം ഇല്ല. എന്നാൽ അവിടെ ഒക്കെ പല വീട്ടുപകരങ്ങൾ ഉണ്ട്.ഗ്യാസും കുക്കറും മിക്സിയും ഫ്രഡിഡ്‌ജും ഒക്കെ.എന്തെ ഇവിടെ ഇതൊന്നും ഇല്ല ഏന്നു ആരോ ചോദിച്ചു. മക്കളുടെ സ്കൂൾ യൂണിഫോം കഴുകുന്നതിനിടയിൽ കേട്ട ആ ചോദ്യം ചുമ്മ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി. "ആഡംബരങ്ങൾ ഒന്നും തന്നെ എനിക്ക് പ്രിയമില്ല തൻ മക്കൾ തൻ ഭാവി ശോഭനമാകിടേണം" എന്ന് ആണ് കവി ഉദേശിച്ചത്‌.പക്ഷെ മഴക്കാലത്ത് നനഞ്ഞു വിറച്ചു കിടക്കുന്ന വിറകുകൾക്കു അത് മനസിലാകില്ലാലോ. അവർ പതുക്കെ പതുകെ കത്തുകയുള്ളു. ശ്വാസകോശം ഊതി ഊതി ഒരു വഴിക്കായിട്ടുണ്ടാകും എന്നാലും സമയത്തു തന്നെ പ്രാതലും ചോറുപാത്രവും തയ്യാറാണ്. ഇതെന്തൊരു മാജിക് ആണാവോ 

അവർ നാലുപേരും തകർക്കുക ആണ്. തങ്ങളുടെ ഭർത്താക്കന്മാരുടെ വീരോചിതമായ പ്രവർത്തികൾ വർണ്ണിച്ചു കൊണ്ട് ആ ചർച്ച മുന്നോട്ടു പോകുന്നു. ഏറ്റവും മുൻശുണ്‌ഠികാരനും കർക്കശകാരനും ആണ് ഏവരുടെയും ഭർത്താക്കന്മാർ . അതിനാൽ ഒരു വിജയിയെ തിരെഞ്ഞുടുക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല.ഒടുവിൽ അതിൽ ഒരാളുടെ ഭർത്താവിന്റെ വാഹനത്തിന്റെ ശബ്ദം ആ മഹാൻറ്റെ വരവ്  ദൂരെ നിന്ന് തന്നെ അറിയിച്ചു. അത് കേട്ടപ്പോൾ അവർ അപ്പോൾ തന്നെ ചർച്ച അവസാനിപ്പിച്ചു ആ വേദി പിരിഞ്ഞു തങ്ങളുടെ വീടുകളിലേക്ക് മടങ്ങി പോയി. അങ്ങനെ അവർ ആ വിജയിയെ തിരഞ്ഞെടുത്തു 

വീണ്ടും ആദിയാണ്. അരി ഇല്ല പച്ചക്കറി ഇല്ല വിറകില്ല. എന്ത് എടുത്തു വെച്ച് ഒരുക്കും ഉച്ച ഊണ്. അങ്ങനെ ഇരുന്നു ആലോചിക്കുമ്പോൾ ആണ് അങ്ങേപ്പുറത്തു അതാ മീൻകാരൻറ്റെ ശബ്ദം. പിന്നെ എല്ലാം പെട്ടന്നായിരുന്നു. അടുക്കളയിലൊക്കെ പരതിനോക്കിയപ്പോൾ പത്തു രൂപ കിട്ടി.ഭരണിയിൽ പരതിയപ്പോൾ ഒരു നേരത്തെ അരി കിട്ടി.മുകളിലേക്ക് നോക്കിയപ്പോൾ കുലച്ചു നില്കുന്ന ഒരു കർപ്പൂരവല്ലി ഭാരം താങ്ങാൻ വയ്യാതെ തൻറ്റെ പൂവും തണ്ടും കാൽക്കൽ സമര്പിച്ചിതാ നിലം പതിച്ചിരിക്കുന്നു. ഒരപ്പം കൊണ്ട് ആയിരം പേരെ ഊട്ടിയ കർത്താവേ നിനക്ക് സ്തുതി 

രാജകീയമാണ് ആ വരവ്.കയ്യിൽ ഒരുകുടം കുടിവെള്ളം.മറുകയ്യിൽ തോളത്തു ഒരുകെട്ട് വിറകും. ആട ആഭരണങ്ങളോട് ഭ്രമമൊന്നുമില്ലെനിക്കെൻറ്റെ മക്കൾ തൻ ഭാവി തൻ മുഖ്യം. കാതിലും കഴുത്തിലും ഇല്ലെങ്കിലെന്താ എന്റ്റെ മക്കൾ പടുവകൾ കയറുമ്പോൾ അത് തന്നെ എനിക്കെൻറ്റെ  സൗന്ദര്യവും. 

ശിലായുഗം അല്ല. പക്ഷെ കല്ലുകളുടെ കാലമാണ് അത്. ഉരല് , ആട്ടുക്കല്ല് , അമ്മിക്കല്ല് . ശരീരത്തിന് അകത്തും പുറത്തും കല്ലുകൾ . പിന്നെ എന്ത് കൊണ്ട് ചോറിൽ മാത്രം ഒരു കല്ല് കണ്ടു കൂടാ?ഉരലിൽ ഇടിച്ചു പൊടിച്ച അരി വറുത്തു ഉണ്ടാക്കുന്ന പൊടി കൊണ്ടുള്ള പുട്ട് കഴിച്ചാൽ എൻറ്റെ സാറേ ചുറ്റുള്ളതൊന്നും കാണാൻ പറ്റില്ല. അപ്പോൾ പിന്നെ ഉരലിൽ പൊടിച്ച പഞ്ചസാര കൊണ്ടുള്ള ബേക്കറി പലഹാരങ്ങൾ കഴിച്ചാലോ. കാണാനും പറ്റില്ല നടുവിന് നല്ല വേദനയും ഉണ്ടാകും 

ഈ വിദ്യ ബാലൻ ഒക്കെ പണ്ടേ ജനിക്കേണ്ടതായിരുന്നു. അല്ല ശൗചാലയം ഉണ്ടാകുമയൂരന്നല്ലോ വീടുകളിൽ. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. കാലം കഴിഞ്ഞില്ലേ. ഇനി ഇപ്പോൾ പ്രതികരിക്കുന്ന പ്രതികാരം ചെയ്യുന്ന പറഞ്ഞാൽ തിരിച്ചു പറയുന്ന അടിച്ചാൽ തിരിച്ചടിക്കുന്നു ഇഷ്ട്ടം ഉള്ളത് കഴിക്കുന്ന ഇഷ്ട്ടം പോലെ ജീവിക്കുന്ന ഒരാൾ ആവാൻ കഴിയണം. ഇപ്പോൾ പകൽ ആണെന്ന് പറഞ്ഞാൽ പകൽ ആണ് ആരും തിരുത്താൻ വരരുത്. അതിനു പഴയതൊക്കെ മറക്കണം. ഞാൻ ഞാൻ അല്ലാതാകണം . മറവി ഒരു അനുഗ്രഹം ആണ് ഓർമ ഒരു അനുഭൂതിയും ..

പിതാ രക്ഷതി കൗമാരേ..പതി  രക്ഷതി യൗവനേ ..പുത്രോ രക്ഷതി വാർധ്യക്കെ ന സ്ത്രീ സ്വാതന്ത്രം അർഹതീ ..എല്ലാ ജീവിതവും ഒരു പാഠം ആണ്. ചിലതു എങ്ങനെ ജീവിക്കണം എന്നുള്ള പാഠം മറ്റു ചിലത് എങ്ങനെ ജീവിക്കരുത് എന്നുള്ള പാഠം.രണ്ടും മഹാത്മാക്കൾ ആണ് 

പിന്കുറിപ്പ്.

ഈ ഡബിൾ ഓംലെറ്റ് എന്ന സംഭവം ഉള്ളതാണോ. അറിയാവുന്നത് ഒരു മുട്ട ഡബിളും ട്രിപ്പിളും ഒക്കെ ആക്കുന്നതാണ്..

-മുകേഷ് വേണുഗോപാൽ 


No comments:

 

Designed by Simply Fabulous Blogger Templates